മലയാളമേ നിന്റെ വാക്കുകൾക്കുള്ളത്ര
മധുരം തുടിക്കുന്നതേത് ഭാഷ
പനിമഞ്ഞുതോരാ പുലർകാലമെന്നപോൽ
പനിമതി പെയ്യുന്ന രാത്രി പോലെ
തെരുതെരെ പെയ്യും തുലാവർഷ മേഘമായി
കുളിർകോരി എന്നിൽ നിറഞ്ഞുനിൽക്കും
മലയാളമേ നിന്റെ ശീലുകൾ പോലേത്
ലയമുണ്ട് തെല്ലിട തങ്ങിനിൽക്കാൻ
(ഡോ. ജെ. കെ. എസ്. വീട്ടൂരിന്റെ ‘എന്റെ ഭാഷ’ എന്ന കവിതയിൽനിന്ന്.)
പൂക്കളെ മണംകൊണ്ട് തിരിച്ചറിയുന്നതുപോലെ, പക്ഷികളെ അവയുടെ ശബ്ദംകൊണ്ടറിയുന്നതുപോലെ, മനുഷ്യരെ അവരുടെ ഭാഷകൊണ്ട് മനസ്സിലാക്കാം. ഒരു സമൂഹത്തിന്റെ ഭാഷയാണു അവരുടെ സംസ്കാരത്തിന്റെ നിർവചനം.
കേരള സംസ്ഥാനത്തിലെ മൂന്ന് കോടിയിലേറെ ജനങ്ങളുടെ മാതൃഭാഷയാണു മലയാളം. ആയിരത്തിലധികം ഭാഷകൾ ഉപയോഗത്തിലുള്ള ഇന്ത്യയിൽ ഭരണഘടനാപട്ടികയിലുള്ള 22 ഭാഷകളിൽ ഒന്നാണു മലയാളം. അതിലുപരി ഭാരതത്തിൽ ശ്രേഷ്ഠഭാഷാ പദവി നേടിയ ആറു ഭാഷകളിൽ ഉൾപ്പെട്ടതാണു മലയാളം. അത്രയും സവിശേഷതകളുള്ള ഈ ഭാഷ പഠിക്കുമ്പോൾ മലയാളത്തിലെ വരമൊഴിയും വായ്മൊഴിയും സ്വായത്തമാക്കുന്നതു പോലെത്തന്നെ മലയാളിയുടെ സംസ്ക്കാരവും പഠിക്കുന്നു.
സിഡ്നിയിൽ വളരുന്ന മലയാളീ പൈതൃകമുള്ള കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെയും മുത്തശ്ശീമുത്തശ്ശന്മാരുടെയും ഭാഷാസംസ്ക്കാരം അടുത്തറിയാൻ അവസരം നൽകുക, ആ കുട്ടികൾ കേരളം സന്ദർശിക്കുമ്പോൾ മലയാളം അറിയാതെ വിഷമിക്കാൻ ഇടവരാതിരിക്കുക, അവർക്കു പരസ്പരം മലയാളത്തിൽ സംവാദിക്കാൻ സാധിക്കുക, അങ്ങനെ ആസ്ത്രേല്യൻ ഭൂഖണ്ഡത്തിൽ നിന്നു കൊച്ചു കേരളത്തിലേക്കും തിരിച്ചും ആശയങ്ങൾക്കു സഞ്ചരിക്കാൻ ഒരു ചെറിയ പാലം പണിയുക. ഇതൊക്കെയാണു പള്ളിക്കൂടം തുടങ്ങുന്നതിനുള്ള പ്രചോദനം.
2018ൽ ആരംഭിച്ച പള്ളീക്കൂടം ദൈവാനുഗ്രഹംകൊണ്ട് ഇന്നു വളരെയധികം പുരോഗമിച്ചിരിക്കുന്നു. ന്യൂ സൗത്ത് വെയ്ല്സ് (NSW) സർക്കാരിന്റെ അംഗീകാരം, യുണൈറ്റഡ് ഇൻഡ്യൻ അസ്സോസിയേഷൻസ്സിന്റെ പാരിതോഷികം, അമ്പതിലേറെ കുട്ടികൾ, പ്രഗൽഭരായ അദ്ധ്യാപകർ, സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ഈ സംസ്ഥാനത്തെ ആദ്യത്തെ മലയാളം പാഠപുസ്തക പ്രസിദ്ധീകരണം, അങ്ങനെ പലതും ആ പുരോഗതിയുടെ വിരലടയാളങ്ങളായി കിടക്കുന്നു.
ഈ വിദ്യാലയ്ത്തിനു ഇനിയും ഏറെ ദൂരം പോകേണ്ടിയിരിക്കുന്നു. ഇതുവരെയുള്ള വളർച്ചയിൽ ഭാഗമായിരുന്നവരോടൊപ്പം പുതിയ സുഹൃത്തുക്കളും പുതിയ വിദ്യാർത്ഥികളും ഈ യാത്രയിൽ കൂടെ ചേരുമെന്ന് പ്രത്യാശിക്കുന്നു.